കാറിലുണ്ടായിരുന്ന മകളെ യുവാവ് കയറിപ്പിടിച്ചെന്ന എസ്ഐയുടെ ഭാര്യയുടെ പരാതി ശരിയാണോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ റൂറൽ എസ്പി നവനീത് ശര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കണ്ണൂര്‍: പയ്യന്നൂരില്‍ തന്‍റെ കടയ്ക്ക് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തത് എതിര്‍ത്തതിന് എസ്ഐ പോക്സോ കേസിൽ(Pocso cse) കുടുക്കിയെന്ന യുവാവിന്‍റെ പരാതിയിൽ വിശദാന്വേഷണത്തിന് പൊലീസ്(Police). കാറിലുണ്ടായിരുന്ന മകളെ യുവാവ് കയറിപ്പിടിച്ചെന്ന എസ്ഐയുടെ(Sub Inspector) ഭാര്യയുടെ പരാതി ശരിയാണോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ റൂറൽ എസ്പി നവനീത് ശര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ആഗസ്ത് പത്തൊമ്പതിനാണ് സംഭവം നടന്നത്. പയ്യന്നൂരിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്ഐ തന്‍റെ കാര്‍ അടുത്തുള്ള ടയര്‍ സർവ്വീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. ടയര്‍ ഷോപ്പിലേക്കെത്തിയ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാര്‍ നീക്കിയിടാൻ കടയുടെ മാനേജർ ഷമീം എസ്ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ എസ്ഐ വാഹനം നീക്കിയിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഷമീമും എസ്ഐയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പിന്നീട് കാറുമായി പോയ എസ്ഐ അടുത്ത ദിവസം വൈകിട്ട് പൊലീസ് യൂണിഫോമിൽ ജീപ്പുമായി കടയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് ഷമീമിനെ വിരട്ടി. പിന്നാലെ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്ന് ഉദ്യോഗസ്ഥന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

YouTube video player

ഇതോടെ തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പിന്നാലെ ഷമീമിന്റെ സഹോദരൻ ശിഹാബിനെ എസ്ഐ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. വിവാദമായതോടെ പോകോസോ പരാതി വിശദമായി അന്വേഷിക്കാന്‍ കണ്ണൂര്‍ റൂറൽ എസ്പി നവനീത് ശര്‍മ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതോടെ എസ്ഐ സ്ഥലം മാറ്റി. പയ്യന്നൂര്‍ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ അന്വേഷണം എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെവന്ന് എസ്പി അറിയിച്ചു.