ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്

തിരുവനന്തപുരം: വർക്കലയിൽ മൂന്നംഗ കുടുംബത്തെ വീടിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ നിന്നും പൊലീസ് അനുമാനിക്കുന്നത്. സാമ്പത്തികമായി ചിലർ വഞ്ചിച്ചുവെന്നും അവരാരൊക്കെയെന്നും കുറിപ്പിൽ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് ആത്മഹത്യ ആണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർക്കല വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരെ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മണിയോടെ വീടിന്റെ മുകൾ നിലയിൽ തീ ഉയരുന്നതായി അയൽവാസികൾ കണ്ടു. ഇവർ വിളിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.

ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്. ഐഎസ്ആർഒയിലെ കരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ശ്രീകുമാർ. അടുത്തിടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്.