Asianet News MalayalamAsianet News Malayalam

Kurupp Again : സുകുമാരക്കുറുപ്പ് മോഡൽ വധം ഉത്തർപ്രദേശിലും; പ്രതിയെ സഹായിച്ചതിന് ഭാര്യയും അറസ്റ്റിൽ

ആകെ കത്തിക്കരിഞ്ഞ,  ജഡത്തിൽ   തിരിച്ചറിയാൻ തക്ക ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അനുപമ വളരെ തിടുക്കപ്പെട്ട് അത് തന്റെ ഭർത്താവിന്റെ മൃതദേഹം തന്നെയെന്ന് തിരിച്ചറിയുന്നു.

Sukumara Kurupp model murder in Uttarpradesh man muders and burns body to avoid jail
Author
Uttar Pradesh, First Published Dec 13, 2021, 12:24 PM IST

ഗാസിയാബാദ്: ജയിലിൽ പോവുന്നത് ഒഴിവാക്കാൻ (avoid jail term) മറ്റൊരാളെ വധിച്ച് (murder), ആ മൃതദേഹം അവനവന്റേതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതിന്, ഒരാൾ അറസ്റ്റിൽ. സുദേഷ് കുമാർ എന്ന നാല്പത്തെട്ടുകാരനാണ് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായത്. 2018  മെയിൽ സ്വന്തം മകളെ വധിച്ച കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ട സുദേഷ്, പരോളിൽ വന്ന ശേഷം തിരികെ ജയിലിലേക്ക് തന്നെ മടങ്ങുന്നത്  ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്തത്. ബീഹാർ സ്വദേശിയായ ഒരു മരപ്പണിക്കാരനെ കൊന്ന്, മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ചുട്ടുകരിച്ച്, ഭാര്യയുടെ സഹായത്തോടെ അത് തന്റേതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. കുറ്റകൃത്യത്തിൽ പങ്കെടുത്തതിനും വേണ്ട സഹായം ചെയ്തതിനും ഭാര്യ അനുപമയെയും ഗാസിയാബാദ്  പൊലീസ് അറസ്റ്റു ചെയ്തുകഴിഞ്ഞു. 

ദില്ലിയിലെ കറാവൽ നഗറിൽ ഒരു പലചരക്കു കട നടത്തുകയായിരുന്ന സുദേഷ് കുമാർ, സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കും വിധത്തിൽ തികഞ്ഞ പ്ലാനിങ്ങോടെ ആണ് ഈ കൊലപാതകം നടപ്പിലാക്കുന്നത്. നവംബർ 18 -ന് തന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനുണ്ട് എന്നും പറഞ്ഞുകൊണ്ടാണ്, അയാൾ നാല്പത്തിരണ്ടുകാരനായ ദോമൻ രവിദാസ് എന്ന ബിഹാർ സ്വദേശിയായ കൊത്തനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. കോൺട്രാക്ട് ഉറപ്പിച്ച സമയത്തുതന്നെ തന്റെ വസ്ത്രങ്ങളിൽ ഒരെണ്ണം രവിദാസിന് നൽകിയ സുദേഷ്,, അത് ധരിച്ചുകൊണ്ടുവേണം ജോലിക്കെത്താൻ എന്ന് നിർദേശിച്ചിരുന്നു. അടുത്ത ദിവസം രാത്രിയോടെ രവിദാസിന് സുദേഷ് മദ്യം ഒഴിച്ച് നൽകുന്നു. മദ്യപിച്ച് മദോന്മത്തനായിരുന്ന രവിദാസിനെ വലിയൊരു വിറകിൻ കഷ്ണം കൊണ്ട് തലക്കടിച്ചാണ് സുദേഷ് വധിക്കുന്നത്. ശേഷം ശരീരം ഇന്ദ്രപുരിയ്ക്കടുത്തുള്ള ലോണി എന്ന സ്ഥലത്തേക്ക് ഒരു ചാക്കിൽ കെട്ടി കൊണ്ടുപോയി, തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ മുഖത്തടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നു. അതേസമയം പൊലീസിന് പിന്നീട് കണ്ടെടുക്കാൻ കണക്കാക്കി സ്വന്തം ആധാർ കാർഡ് അയാൾ ആ മൃതദേഹത്തിന്റെ പോക്കറ്റിൽ തിരുകുകയും ചെയ്തു. 

നവംബർ 20 ന് പൊലീസ് കത്തിക്കരിഞ്ഞ ഈ മൃതദേഹം കണ്ടെടുക്കുന്നു. പരിശോധനയിൽ ആധാർ കാർഡ് കണ്ടെടുത്ത പൊലീസ് സംശയനിവൃത്തിക്ക് വേണ്ടി സുദേഷിന്റെ ഭാര്യ അനുപമയെ വിളിപ്പിക്കുന്നു. ആകെ കത്തിക്കരിഞ്ഞ്, പുറമേക്ക് കാര്യമായ ഒരു ലക്ഷണങ്ങളും ജഡത്തിൽ  ഇല്ലാത്തതിരുന്നിട്ടും അനുപമ വളരെ തിടുക്കപ്പെട്ട് അത് തന്റെ ഭർത്താവിന്റെ മൃതദേഹം തന്നെയെന്ന് തിരിച്ചറിയുന്നു. രണ്ടു കാര്യങ്ങളാണ് പോലീസിൽ സംശയം ഉണർത്തിയത്. ഒന്ന്, മുഖം അടക്കം ദേഹം മൊത്തവും കത്തിക്കരിഞ്ഞിട്ടും,  പോക്കറ്റിൽ കേടുപാടൊന്നും പറ്റാതെ തന്നെ ഇരുന്ന ആധാർ കാർഡ്. രണ്ട്, ജഡം പാടെ കത്തിക്കരിഞ്ഞ അവസ്ഥയിൽ ആയിരുന്നിട്ടും   വളരെ ധൃതിപ്പെട്ട് അത് തന്റെ ഭർത്താവിന്റേതാണ് എന്ന് അനുപമ നിസ്സംശയം തിരിച്ചറിഞ്ഞു എന്നത്. മാത്രവുമല്ല, ഭർത്താവ് അങ്ങനെ അകാലത്തിൽ പൊലിഞ്ഞതിന്റെ  സങ്കടം തെല്ലും ഒട്ടും തന്നെ അവരുടെ മുഖത്ത് പ്രകടമായിരുന്നില്ല.

എന്തായാലും, മരിച്ചയാളിന്റെ ചരിത്രം പരിശോധിച്ചപ്പോൾ പൊലീസിന് അയാളുടെ ക്രിമിനൽ ഹിസ്റ്ററി കൂടി കയ്യിൽ തടയുന്നു. അതോടെ മരിച്ചത് സുദേഷ് അല്ല എന്നുള്ള സംശയം പോലീസിനുണ്ടാവുന്നു. പ്രദേശത്തെ ഒരു സിസിടിവിയിൽ നിന്ന് തലയിൽ ഒരു ചാക്കുമേന്തി വരുന്ന സുദേഷിന്റെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ അയാൾക്കുമേലുള്ള കുരുക്ക്  മുറുകുന്നു. ഈ സംഭവങ്ങൾ നടന്ന ശേഷം ഒരുനാൾ ഇയാൾ സ്വന്തം ഭാര്യയെ കാണാൻ വേണ്ടി വരുന്നു എന്ന രഹസ്യവിവരം പൊലീസിന് കിട്ടുന്നു. വലവിരിച്ചു കാത്തിരുന്ന പൊലീസ് അയാളുടെ പിടികൂടുകയും ചെയ്യുന്നു. 

നിലവിൽ , ലോണി പൊലീസ് സ്റ്റേഷനിൽ, ഈ കൃത്യത്തിൽ പങ്കെടുത്ത ഭർത്താവിന് ഭാര്യക്കും മേൽ ഐപിസി 302 - കൊലപാതകം; 204 തെളിവ് നശിപ്പിക്കൽ, 120  B  ഗൂഡാലോചന, 416 ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios