കോഴിക്കോട്: ചന്ദനമരംമുറി കേസില്‍ ക്രമക്കേട് നടത്തിയ ഡിഎഫ്ഒക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ മേലുദ്യോഗസ്ഥന് സ്ഥലം മാറ്റം. കോഴിക്കോട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാറിനെ തിരുവനന്തപുരത്തേക്കാണ് മാറ്റിയത്. ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ഡിഎഫ്ഒ സി വി രാജന്‍ പട്ടികയില്‍ ഇടം നേടിയതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചന്ദനമരം മുറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വനംവകുപ്പ് പൂഴ്ത്തിയിരിക്കുമ്പോഴാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ നാടുകടത്തുന്നത്. തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടിയാണ് ഇ പ്രദീപ് കുമാറിനെ അടിയന്തരമായി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റുന്നത്.

സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യാനിരിക്കുന്ന കണ്‍ഫേര്‍ഡ് ഐഎഫ്എസ് പട്ടികയില്‍ ഇടം നേടിയ ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ സി വി രാജനെതിരെ നടപടി ആവശ്യപ്പെട്ടാണ് വയനാട് തോല്‍പെട്ടി കൈമരത്തെ ചന്ദനമരംമുറി കേസില്‍ പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

2005ല്‍ നടന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായെങ്കിലും രാജനുള്‍പ്പെട്ട അന്വേഷണസംഘം നല്‍കിയ പരസ്പര വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവില്ലെന്ന് കണ്ട് മാനന്തവാടി കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. കേസില്‍ അപ്പീലിന് സാധ്യതയില്ലെന്ന നിയമോപദേശവും വനംവകുപ്പിന് കിട്ടി.

കുറ്റസമ്മതമൊഴിയില്‍ പ്രതികളുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നില്ല. മുറിച്ച ചന്ദനമരങ്ങളുടെ അളവ് സംബന്ധിച്ച് പരാതിയിലും അന്വേഷണ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയത് വ്യത്യസ്ത അളവുകളും. ഇങ്ങനെ വീഴ്ചകള്‍ എണ്ണമിട്ടാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍ വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് നല്‍കി രണ്ട് മാസമായിട്ടും തുടര്‍നടപടികളൊന്നും സ്വീകരിക്കാത്ത വകുപ്പ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ഐഎഫ്എസ് പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.