ഇടുക്കി: തൊടുപുഴയിൽ യുവാവിന്‍റെ ചെവി കടിച്ചുമുറിച്ചു. കുടുംബപ്രശ്നത്തെ തുടർന്ന് തൊടുപുഴയിൽ കട നടത്തുന്ന അനിൽ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന ബേസിലിന്‍റെ ചെവി കടിച്ച് മുറിക്കുകയായിരുന്നു. ചെവിയുടെ ഒരു ഭാഗം അറ്റുപോയ യുവാവ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇടുക്കി മുള്ളരിങ്ങാട് സ്വദേശിയായ ബേസിലിന്‍റെ ചെവിക്കാണ് കടിയേറ്റത്.

തൊടുപുഴയിൽ കൊറിയർ സർവീസ് നടത്തുന്ന മണക്കാട് സ്വദേശി അനിലിന്‍റെ ഡ്രൈവറായിരുന്നു ബേസിൽ. കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനിലിന്‍റെ ഭാര്യയും താനും തമ്മിലുള്ള സൗഹൃദത്തിൽ അനിലിന് സംശയുണ്ടായിരുന്നുവെന്ന് ബേസിൽ പറയുന്നു. ഇതേച്ചൊല്ലി തർക്കങ്ങളും പതിവായിരുന്നു.

പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്ന വ്യാജേന ഉച്ചയോടെ കടയിലേക്ക് വിളിച്ചുവരുത്തി അനിൽ ആക്രമിക്കുകയും ചെവി കടിച്ച് പറിക്കുകയുമായിരുന്നെന്ന് ബേസിൽ പറഞ്ഞു.

ബേസിലുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും വായ്പ നൽകാത്തതിലുള്ള ദേഷ്യത്തിൽ ബേസിൽ തന്നെ ആക്രമിച്ചെന്നുമാണ് അനിലിന്‍റെ വാദം. അനിലിന്‍റെ ചെവിയ്ക്കും പരിക്കുണ്ട്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബേസിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.