Asianet News MalayalamAsianet News Malayalam

പ്രദീപും ടിപ്പർ ലോറിയും സഞ്ചരിച്ച റൂട്ട് പരിശോധിക്കും, ദുരൂഹത നീക്കാൻ ശ്രമം

പ്രദീപ് സ്കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും, ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷമമായി വിശകലനം ചെയ്യുകയാണ് പൊലീസ്. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്ക് വിരൽ ചൂണ്ടും വിധം വിവരങ്ങൾ ലഭിക്കുമോയെന്നതാണ് നോക്കുന്നത്.

sv pradeep death police to check his route map
Author
Thiruvananthapuram, First Published Dec 18, 2020, 6:58 PM IST

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ മരണത്തിനിടയാക്കിയ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്. പ്രദീപ് സഞ്ചരിച്ച റൂട്ടും ടിപ്പർ ലോറി സഞ്ചരിച്ച റൂട്ടും വിശദമായി പരിശോധിക്കും. കൊലപാതകമാണെന്ന് കുടുംബം ആരോപണമുന്നയിച്ച സാഹചര്യത്തിൽ ദുരൂഹത നീക്കാനാണ് പൊലീസ് നടപടി.

പ്രദീപ് സ്കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും, ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷമമായി വിശകലനം ചെയ്യുകയാണ് പൊലീസ്. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്ക് വിരൽ ചൂണ്ടും വിധം വിവരങ്ങൾ ലഭിക്കുമോയെന്നതാണ് നോക്കുന്നത്. പ്രദീപിനെ ലോറി ബോധപൂർവ്വം പിന്തുടർന്നോ, ലോറിയുടെ സഞ്ചാര പാതയിൽ കരുതിക്കൂട്ടിയുള്ള മാറ്റങ്ങളുണ്ടായോ എന്നീ കാര്യങ്ങൾ പരിശോധിക്കും. 

ഫോൺ രേഖകളും ഫോൺ വിളികളും സുക്ഷ്മമായി അവലോകനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം അപകടസ്ഥലം, അപകടത്തിനിടയാക്കിയ സാഹചര്യം എന്നിവ പരിശോധിക്കും. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഭാരം കയറ്റിയ ലോറി കയറിയിറങ്ങുമ്പോൾ ഹെൽമെറ്റിലുണ്ടാകുന്ന ആഘാതം പഠിക്കാൻ ഇത് പുനരാവിഷ്കരിക്കും. 

നിലവിൽ മരണത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എം സാൻഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എം സാൻഡ് കൊണ്ടുവരാൻ ഇവർക്ക് ഓർഡർ ലഭിച്ചിരുന്നുവെന്നതും യാത്ര ലോഡിറക്കാനായിരുന്നുവെന്നും പോലീസ് പറയുന്നു. ഉടമയെ പ്രതി ചേർക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമനമായിട്ടില്ല. പ്രദീപിന്‍റെ ഓഫീസിലടക്കം എത്തി പൊലീസ് കാര്യങ്ങൾ വിലയിരുത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios