Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; 16 വയസുകാരനെ കുറ്റവിമുക്തനാക്കി

17 വയസുള്ള പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ കോടതിയുടെ അസാധാരണ വിധി. നളന്ദ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയാണ് വിധി. മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്.

take care of minor live in partner and child juvenile Court tells 16 year old boy
Author
Delhi, First Published Mar 24, 2021, 2:20 AM IST

ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പതിനാറ് വയസുകാരനെ കോടതി കുറ്റവിമുക്തനാക്കി. 17 വയസുള്ള പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ കോടതിയുടെ അസാധാരണ വിധി. നളന്ദ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയാണ് വിധി. 

മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 2019 ഫെബ്രുവരിയിലാണ് കേസിന്റെ തുടക്കം. പതിനാറുകാരനും സഹോദരനും ചേർന്ന് തന്‍റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി.

തുടർന്ന് കേസ് കോടതിയിൽ എത്തിയതോടെ കഴിഞ്ഞ വർഷം ജൂലൈയിൽ കോടതിയിൽ നേരിട്ട് എത്തിയ പെൺകുട്ടി തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും തന്നെക്കാള്‍ പ്രായക്കുറവുള്ള പ്രതിയുമായി താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മൊഴി നൽകി. ഈ ബന്ധത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. തുടർന്ന് കോടതിയിൽ കീഴടങ്ങിയ ആൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വിചാരണ തുടങ്ങിയ കോടതി നിയമം അനുസരിച്ച് ആണ്‍കുട്ടി ചെയ്തത് ശിക്ഷാര്‍ഹമാണെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുടെ ജീവിതം പരിഗണിച്ച് പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നുമാണ് കോടതിയുടെ വിധി. ഈ ഉത്തരവ് തീര്‍ത്തും വ്യത്യസ്തമാണെന്നും ആര്‍ക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവിതസാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. 

Follow Us:
Download App:
  • android
  • ios