ബയോ- മെഡിക്കൽ എഞ്ചിനീയർ വിദ്യാർത്ഥിനിയായ അനുപ്രിയ പഠിക്കാൻ നല്ല മിടുക്കിയായിരുന്നുവെന്നും കഴിഞ്ഞ സെമസ്റ്ററിൽ മികച്ച വിജയമാണ് കുട്ടി സ്വന്തമാക്കിയിരുന്നതെന്നും കോളേജ് അധികൃതർ അറിയിച്ചു. 

ചെന്നൈ: വീട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തെഴുതി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ബയോമെഡിക്കല്‍ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ അനുപ്രിയ(21)യാണ് കോളേജ് ഹോസ്റ്റലിന്‍റെ എട്ടാമത്തെ നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ എസ്ആർഎം യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം. അനുപ്രിയയുടെ മുറിയിൽ നിന്നും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 

ശനിയാഴ്ച രാവിലെ 8.40 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അനുപ്രിയ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനുപ്രിയയുടെ വാരിയെല്ലും കാലും കൈയ്യും പൂർണ്ണമായി തകർന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തന്‍റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് സഹോദരൻ രാജുവിനെ എഴുതിയ ആത്മഹത്യ കുറിപ്പിൽ അനുപ്രിയ കുറിക്കുന്നു. സിനിമ കാണാനോ ടിവി കാണാനോ ഇഷ്ടമുള്ള കാര്യങ്ങൾ പറയാനോ വീട്ടില്‍ സ്വാതന്ത്യമില്ലെന്നും വീട്ടിൽ ഒരു വ്യാജ ജീവിതം നയിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അനുപ്രിയ കത്തിൽ കുറിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ പറയുന്നു. ഇഷ്ടമുള്ള രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകണമെന്നും സഹോദരനോട് കത്തിൽ അനുപ്രിയ ആവശ്യപ്പെടുന്നുണ്ട്. 

ബയോ- മെഡിക്കൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിനിയായ അനുപ്രിയ പഠിക്കാൻ നല്ല മിടുക്കിയായിരുന്നുവെന്നും കഴിഞ്ഞ സെമസ്റ്ററിൽ മികച്ച വിജയമാണ് കുട്ടി സ്വന്തമാക്കിയിരുന്നതെന്നും കോളേജ് അധികൃതർ അറിയിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ പോസറ്റ്മോർട്ടം നടത്തിയ ശേഷം അനുപ്രിയയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.