വയനാട്: ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ വീടുകളില്‍ മോഷണം നടത്തിയ  തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ്  പൊലീസ്  പിടികൂടിയത്. സംസ്ഥാനത്താകമാനം 60-തിലധികം മോഷണകേസുകളില്‍ പ്രതിയെന്നാണ് പോലീസ്‍ നല്‍കുന്ന വിവരം. കോടതി ഇയാളെ റിമാൻഡ് ചെയ്തു

തോമാട്ടുചാലിലെ‍ ഒരു വീട്ടില്‍  നടത്തിയ കവര്‍ച്ചയാണ്  കുപ്രസിദ്ധ മോഷ്ടാവായ വിജയനെ പിടികൂടാന്‍ പോലീസിന് സഹായമായത്. വിരളടയാളം വെച്ച് നടത്തിയ പരിശോധനയില്‍  കവര്‍ച്ച നടത്തിയത് വിജയനെന്ന് ഉറപ്പിച്ചതോടെ പോലീസ് ഇയാളെകുറിച്ച് അന്വേഷണം തുടങ്ങി.  അമ്പലവയില്‍ വ്യാജവിലാസത്തില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു വിജയന്‍. 

പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലായതോടെ വിജയന്‍ സ്വദേശമായ മേട്ടുപ്പാളയത്തേക്ക് മുങ്ങി. അവിടെയെത്തിയാണ് ഇന്നലെ ഇയാളെ  കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ല ജില്ലകളില്‍ 60-ലധികം മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ മോഴി നല്‍കി. 

കഴിഞ്ഞ ഒരുമാസമായി വയനാട്ടില്‍ വിവിധയിടങ്ങളിൽ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ വിജയനെന്നാണ് പൊലീസ്‍ നല്‍കുന്ന വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തോമാട്ടുചാലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യാല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം