താനൂർ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്‍റെ അയൽവാസികളാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളായ നാലുപേരും

താനൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ ഇസഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. താനൂർ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

മഷ്‌ഹൂദും മുഫീസും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റമാണ് ത്വാഹക്ക് എതിരെ ചുമത്തിയിരിക്കുന്നത്. നാലംഗ സംഘമാണ് ഇസ്‌ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സിപിഎം നിഷേധിച്ചു.

കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്‍റെ അയൽവാസികളാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത അഞ്ചുപേരില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിന് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗിന്‍റെ ആരോപണം. പി ജയരാജൻ താനൂരിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കൊലപാതകം നടന്നത്. ജയരാജൻ വന്ന് പോയതിന് പിന്നാലെ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലപാതകത്തിന്‍റെ സൂചന നല്‍കിയിരുന്നെന്നും മുസ്ലീം ലീഗ് ആരോപിച്ചു. പി ജയരാജനും പ്രതികളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഗൂഡാലോചന വ്യക്തമാക്കുന്നുവെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മലപ്പുറത്ത് പറഞ്ഞു.