അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് വ്യാഴാഴ്ച നൽകിയിരിക്കുന്ന നിർദ്ദേശം
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്ററിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് വ്യാഴാഴ്ച നൽകിയിരിക്കുന്ന നിർദ്ദേശം. ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് താൽക്കാലികമായി അടച്ചിടാൻ കമ്പനി തീരുമാനിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഒൻപതോളം കേസുകളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരടക്കം ഒൻപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് ഒരു വനിതാ ജീവനക്കാരി പരാതി നൽകിയിരുന്നു. ലൈംഗിക ചൂഷണത്തോടൊപ്പം തന്നെ, ചില ജീവനക്കാരെ പ്രത്യേക മതത്തിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന ആരോപണവും ഉയർന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടുകയും പ്രത്യേക വിശ്വാസങ്ങൾ പിന്തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്നാണ് ആരോപണം. എച്ച് ആർ മാനേജർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അറസ്റ്റിലായവരെ ടിസിഎസ് സസ്പെൻഡ് ചെയ്തു.


