ഇടുക്കി: ഇടുക്കി പള്ളിവാസലിൽ ഭൂമി കൈയ്യേറ്റം ചോദ്യം ചെയ്ത തേയില തൊഴിലാളികള്‍ക്ക് വെട്ടേറ്റു. കണ്ണൻദേവൻ കമ്പനി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കമ്പിനി ഫീൽഡ് ഓഫീസർ സെബാസ്റ്റ്യൻ, ജ്യോതിഭായ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

പള്ളിവാസലിൽ പ്ലംജൂഡി റിസോട്ടിനെ സമീപത്തുള്ള കണ്ണൻദേവൻ കമ്പിനിയുടെ തേയില തോട്ടത്തിൽ തൊഴിലാളികൾ തൈകൾ നടാനെത്തി. ഈ സമയം കമ്പിനിയുടെ ഭൂമി അനധികൃതമായി കയ്യേറി വേലി കെട്ടിത്തിരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വേലി പൊളിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ പള്ളിവാസൽ സ്വദേശികളായ മാടസാമി, മകൻ രവി എന്നിവരെത്തി തൊഴിലാളികളെ തടഞ്ഞു. തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് രവി തൊഴിലാളികളെ വെട്ടുകയായിരുന്നു.

തേയില ചെടികൾ നടാൻ മുപ്പതോളം തൊഴിലാളികളാണുണ്ടായിരുന്നത്. ഇവരെയെല്ലാം അക്രമികൾ വിരട്ടിയോടിച്ചു. സെബാസ്റ്റ്യന് മുഖത്തും വലതുകൈയ്ക്കുമാണ് വെട്ടേറ്റത്. ജ്യോതിഭായിക്ക് കൈപ്പത്തിക്കും കൈകളിലും പരുക്കുണ്ട്. കമ്പനിയുടെ പരാതിൽ പള്ളിവാസലിൽ നിന്ന് മടസാമിയെയും രവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.