കശ്മീര്‍: പത്ത് മിനിറ്റ് വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ജമ്മുകശ്മീരിലെ ദോഡയിലെ ഗുജ്ജര്‍ ബേക്കര്‍വാള്‍ ബോയ്സ് ഹോസ്റ്റലിലെ 6,7,8,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടികൊണ്ട് മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായും ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചൈല്‍ഡ്‍ലൈന്‍ കോര്‍ഡിനേറ്റര്‍ മീനാക്ഷി റെയ്ന പറഞ്ഞു. കുട്ടികളെകൊണ്ട് കാര്‍ കഴുകിപ്പിച്ച അധ്യാപകനെ സ്കൂളില്‍ നിന്ന് പിരിച്ച് വിട്ടത് ഈയടുത്താണ്. മേയ് 16 നാണ് കാശ്മീര്‍ താഴ്‍വരയിലെ ഒരു സ്കൂളിലെ അധ്യാപകന്‍ തന്‍റെ കാര്‍ കുട്ടികളെ കൊണ്ട് കഴുകിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയായിരുന്നു നടപടി.