ഖാര്‍ഗോണ്‍: ഹാഥ്‌റസില്‍ യുവതി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മധ്യപ്രദേശിലും കൂട്ട ബലാത്സംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. ഖാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. അക്രമികള്‍ പെണ്‍കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ കുടിവെള്ളം ചോദിച്ച് എത്തിയ സംഘം സഹോദരനെ തള്ളിമാറ്റി പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. സഹോദരനും പിതാവും ഇവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പെണ്‍കുട്ടിയെ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് ഉറപ്പ് നല്‍കി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.