നാലുമണി വരെ മകന്‍ വീട്ടിലുണ്ടായിരുന്നു. തെറ്റിനെ ന്യായീകരിക്കുന്നില്ല, പക്ഷേ ബുദ്ധിയില്ലാത്ത പ്രായത്തിലെ തീരുമാനമാണ് ഇപ്പോള്‍ കാണുന്നത്. വീട്ടുകാരോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ മകന്‍ ഇത്തരത്തില്‍ ചെയ്യില്ലായിരുന്നുവെന്നും അച്ഛൻ നവാസ്. 

കൊല്ലം: 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മകളെ തിരിച്ച് തരികയാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത് താന്‍ ആണെന്ന് പ്രതിയുടെ പിതാവ്. പെണ്‍കുട്ടിയാണ് മകനെ വിളിച്ചുകൊണ്ട് പോയതെന്ന് നവാസ് പറയുന്നു. പരാതിയില്‍ ആരോപിക്കുന്നത് പോലെ വീടുകയറി ആക്രമണമോ പിതാവിന് പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടില്ലെന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് വിശദമാക്കുന്നു. മകൻ തെറ്റ് ചെയ്തെങ്കിൽ അവനെ സംരക്ഷിക്കാൻ ശ്രമിക്കില്ലെന്നും നവാസ് പറയുന്നു.

സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് നിലവിലെ ആരോപണങ്ങള്‍ക്ക് കാരണമെന്നും കള്ള പ്രചാരണങ്ങളെ എതിര്‍ക്കുമെന്നും നവാസ് വ്യക്തമാക്കി. നാലുമണി വരെ മകന്‍ വീട്ടിലുണ്ടായിരുന്നു. തെറ്റിനെ ന്യായീകരിക്കുന്നില്ല പക്ഷേ ബുദ്ധിയില്ലാത്ത പ്രായത്തിലെ തീരുമാനമാണ് ഇപ്പോള്‍ കാണുന്നത്. വീട്ടുകാരോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ മകന്‍ ഇത്തരത്തില്‍ ചെയ്യില്ലായിരുന്നുവെന്നും നവാസ് പറഞ്ഞു. അവര്‍ തമ്മില്‍ പ്രേമമാകാനും സാധ്യതയുണ്ടെന്നും നവാസ് പറഞ്ഞു. മകളെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് വന്ന് കണ്ടിരുന്നുവെന്നും നവാസ് വ്യക്തമാക്കി. 

ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നെന്നാണ് പോലീസ് നിഗമനം. ടിക്കറ്റ് എടുത്തതിന് തെളിവ് കിട്ടി. കൂട്ടുപ്രതികൾ എറണാകുളം റെയിൽവെ സ്റ്റേഷൻ വരെ അനുഗമിച്ചെന്നും പൊലീസ് വ്യക്തമാക്കി. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.