ഹൈദരാബാദിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എൻകൌണ്ടറിൽ വകവരുത്തുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി.  ഹൈദരാബാദിലെ സൈദാബാദിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ മറുപടി. 

സൈദാബാദ്: ഹൈദരാബാദിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എൻകൌണ്ടറിൽ വകവരുത്തുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി. ഹൈദരാബാദിലെ സൈദാബാദിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ മറുപടി. 

ഞങ്ങൾ ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൌണ്ടർ ചെയ്യും. പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറും. ഒരു പരിപാടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന തരത്തിൽ തിങ്കളാഴ്ച മൽക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും സമാനമായ പരാമർശം നടത്തിയിരുന്നു.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാൽ ഇയാൾ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.