ലഖ്‌നൗ: രാജസ്ഥാന് പിന്നാലെ ഉത്തര്‍പ്രദേശിലും ക്ഷേത്ര പൂജാരിക്ക് നേരെ ആക്രമണം. ഗോണ്ട ജില്ലയിലാണ് പൂജാരിക്ക് ക്ഷേത്രത്തിനുള്ളില്‍വെച്ച് വെടിയേറ്റത്. പരിക്കേറ്റ സമര്‍ത്ഥ് ദാസിനെ(35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര വരാന്തയില്‍ ഉറങ്ങുകയായിരുന്ന പൂജാരിയെ ആയുധവുമായി സംഘം വെടിവെക്കുകയായിരുന്നു. പ്രദേശത്തെ പ്രമുഖനായ അമര്‍ സിംഗ് എന്നയാളുമായുള്ള ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് പൂജാരിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. വധശ്രമം, ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗോണ്ട എസ്പി സൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണുള്ളതെന്നും പൊലീസ് വ്യക്തമാക്കി. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.