കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക്.
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് പോകും. ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിന് വേണ്ടിയാണ് മൂവർ സംഘം ദില്ലിയിലേക്ക് പോകുന്നത്. ഇന്ന് രാത്രിയോടെ ദില്ലിയിലേക്ക് തിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എൽ.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താൽപ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിൽ ചർച്ചകൾ നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎൽഎമാരുടെ വൻ പിന്തുണയാണുള്ളത്. 45 ലധികം എംഎൽഎമാര്‍ നീരക്ഷകരോട് കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തിൽ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിൽ വി ഡി സതീശൻ ക്യാന്പ്. സംസ്ഥാന വ്യാപകമായി ഫ്ലെക്സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാർഥിയായി താൻ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.


