മുംബൈ: ബന്ധുവും അയൽവാസിയുമായി എഴുപതുകാരിയെ കൊലപ്പെടുത്തിയ ദമ്പതികൾ  അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലാണ് സംഭവം. ക്രൈം ടിവി ഷോയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഇവർ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സോനാഥ് വാക്ഡെ (37), ഭാര്യ നീലം (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോനുഭായി കൃഷ്ണ ചൗധരിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.നവംബർ 22ന്  ബിവാണ്ടിയിലെ വടുനാവ്ഘർ തടാകത്തിൽ  മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൃത്യം പുറംലോകം അറിയുന്നത്.നവംബർ 21ന് അമ്മയെ കാണ്മാനില്ലെന്ന് കാണിച്ച് ചൗധരിയുടെ മകൻ പൊലീസിൽ പരാതി നൽ‌കി.

ശേഷം വടുനാവ്ഘർ മേഖലയിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. നവംബർ 21ന് വൈകുന്നേരം സംശയാസ്പദമായ രീതിയിൽ‌ ദമ്പതികൾ ചൗധരിയുടെ വീട്ടിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സോനാഥ് ഡ്രൈവറായും നീലം അങ്കൻവാടി വർക്കറായും ജോലി ചെയ്തു വരികയായിരുന്നു. ഇവർക്ക് കടവും ഉണ്ടായിരുന്നു. കടം വീട്ടുന്നതിന് ബന്ധുവായ സ്ത്രീയെ കൊന്ന് സ്വത്ത് കൈക്കലാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 
മൃതദേഹം കൊണ്ടു പോകാൻ ഉപയോഗിച്ച കാറും കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണവും പൊലീസ് പിടിച്ചെടുത്തു. ക്രൈം പട്രോൾ, സാവ്ധാൻ ഇന്ത്യ എന്നീ ടിവി ക്രൈം ഷോകളാണ് ഇതിന് പ്രേരണയായതെന്നും ഇവർ സമ്മതിച്ചു.