മലപ്പുറം: മലപ്പുറം താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. പ്രതികൾ സിപിഎമ്മുകാരല്ലെങ്കിൽ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. 

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് താനൂർ അ‍ഞ്ചുടി സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനു നേരെ അക്രമമുണ്ടായത്. വീട്ടിൽ നിന്നു കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു അക്രമം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാലു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ അഞ്ചുടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതിന്‍റെ പ്രതികാരമാണ് ഇസ്ഹാഖിന്‍റെ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യത്തില്‍ പങ്കെടുത്ത നാല് പ്രതികളേയും വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.