Asianet News MalayalamAsianet News Malayalam

തയ്യിൽ കൊലപാതകം: ശരണ്യക്കും കാമുകനുമെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ധാരാളം ശാസ്ത്രീയ തെളിവുകൾ കിട്ടിയെന്ന് ഡിവൈഎസ്പി പി പി സദാനന്ദൻ നേരത്തെ പറഞ്ഞിരുന്നു

Thayyil murder case charge sheet submitted in court
Author
Thayyil Beach, First Published May 18, 2020, 11:17 AM IST

കണ്ണൂർ: സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്ന ക്രൂരകൃത്യം ഇനി കോടതിക്ക് മുന്നിൽ. നാടിനെ നടുക്കിയ കണ്ണൂർ തയ്യിലിലെ ക്രൂരമായ കൊലപാതക കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മകനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകനുമാണ് പ്രതികൾ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ സിറ്റി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ധാരാളം ശാസ്ത്രീയ തെളിവുകൾ കിട്ടിയെന്ന് ഡിവൈഎസ്പി പി പി സദാനന്ദൻ നേരത്തെ പറഞ്ഞിരുന്നു. കാമുകനൊത്ത് ജീവിക്കാനായിരുന്നു മകനെ കൊന്നത്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാണ് അന്വേഷണം പൂർത്തിയാക്കിയത്. 

ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. വീട്ടിൽ മുറിക്കകത്ത് അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തൊട്ടടുത്ത ദിവസം രാവിലെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കടല്‍തീരത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

മരണത്തിൽ ദുരൂഹതയാരോപിച്ച് അച്ഛൻ പ്രണവും അമ്മയായ ശരണ്യയുടെ ബന്ധുവും പൊലീസിനെ സമീപിച്ചു. പൊലീസ് ഇരുവരെയും ചോദ്യം ചെയ്തു. പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു ഇരുവരും ചെയ്തത്. എന്നാൽ ശരണ്യയുടെ വസ്ത്രത്തിന്റെ ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെ അതുവരെ നിരത്തിയ കള്ളങ്ങൾ എല്ലാം പൊളിഞ്ഞു. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കൂടുതലായിരുന്നു.

ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകൻ നിധിൻ, ശരണ്യയെ ഫോണിൽ വിളിച്ചതും വഴിത്തിരിവായി. പിടിച്ചുനിൽക്കാനാകാതെ ശരണ്യ കുറ്റം സമ്മതിച്ചു. തുടരന്വേഷണത്തിൽ കിട്ടിയ ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കടൽക്കരയിലെത്തിയ ശരണ്യ രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പാക്കിയത്. 

Follow Us:
Download App:
  • android
  • ios