Asianet News MalayalamAsianet News Malayalam

തയ്യിൽ കൊല: നിതിനെതിരായ ശരണ്യയുടെ മൊഴി നാടകമെന്ന് പൊലീസ് കരുതി, അറസ്റ്റിലേക്ക് എത്തിയത് ഇങ്ങനെ

നിതിനെതിരെ ശരണ്യ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാൻ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്

Thayyil murder Police didnt trust Saranya statement against Nithin at first
Author
Kannur, First Published Feb 27, 2020, 5:03 PM IST

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന്‍ നിതിന് കൂടി പങ്കുണ്ടെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ വളരെ കരുതലോടെയാണ് നിതിന്റെ അറസ്റ്റിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിതിനെതിരെ ശരണ്യ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാൻ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ ശരണ്യയുടെ മൊഴി തീര്‍ത്തും തള്ളിക്കളയാനും അന്വേഷണ സംഘം തയ്യാറായിരുന്നില്ല.

ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നിതിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നിൽ അധികനേരം പിടിച്ചുനില്‍ക്കാന്‍ നിതിന് സാധിച്ചില്ലെന്നാണ് വിവരം. ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം സാഹചര്യ തെളിവുകളുടെ കൂടി പിന്തുണയോടെ ബലപ്പെട്ടു. ഇതോടെയാണ് അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്.

കണ്ണൂര്‍ സിറ്റി പൊലീസാണ് വലിയന്നൂർ സ്വദേശിയായ നിതിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ പ്രേരണക്കുറ്റമാണ് നിതിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകനായ നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടിൽ പോയിരുന്നുവെന്ന് നിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതിന് പുറമെ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിതിന്‍ തന്ത്രപരമായി കൈക്കലാക്കി. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്‍റെ രേഖകൾ കാമുകൻ്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നിതിന്റെ പങ്ക് തെളിയിക്കുന്ന മൊഴികള്‍ ശരണ്യയാണ് നല്‍കിയത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്ക് നടത്തിയെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ ശരണ്യയെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ നിതിന്റെ പങ്ക് കൂടി വെളിപ്പെട്ടത്.

Follow Us:
Download App:
  • android
  • ios