ഭോപ്പാല്‍: ലോക്ഡൗണിനെത്തുടര്‍ന്ന് ഫ്ളാറ്റില്‍ തനിച്ചായ അന്ധയായ 53 കാരി പീഡനത്തിന് ഇരയായി. ഷാപുരയിലെ ഫ്ളാറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ലോക്ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ കണ്ടെത്തലിന് പിന്നാലെയാണ് മധ്യപ്രദേശ് തലസ്ഥാനത്തെ സംഭവം. 

ഭോപ്പാലിലെ ഫ്ളാറ്റില്‍ തനിച്ചായിരുന്നു അന്ധയായ 53 കാരി. രാജസ്ഥാനിലെ കുടുംബവീട്ടിലേക്ക് പോയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ലോക്ഡൗണ്‍ കാരണം മടങ്ങിയെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫ്ളാറ്റില്‍ കടന്നുകയറിയ അക്രമി ക്രൂരമായി പീഡിപ്പിച്ചു. പടികയറി രണ്ടാം നിലയിലേക്ക് എത്തിയ അക്രമി ബാല്‍ക്കണിയിലൂടെയാണ് ഫ്ളാറ്റില്‍ പ്രവേശിച്ചതെന്നു പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഷാപുര എഎസ്പി സഞ്ജയ് സന്ധു പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 370 പരാതികളായിരുന്നു ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തുവരെയുള്ള ലോക്കഡൗണ്‍ കാലത്ത്
11 പരാതികള്‍ ദേശീയ വനിതാ കമ്മീഷന് മുന്നിലെത്തിയിരുന്നു.