കല്ലൂപ്പാറയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോര്‍ജി യുടെ മൃതദേഹമാണ് അളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. 

തിരുവല്ല: കല്ലൂപ്പാറയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോര്‍ജി യുടെ മൃതദേഹമാണ് അളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദ ധാരിയായ ജോര്‍ജിയെ കഴിഞ്ഞ ദിവസമാണ് പാണ്ടനാടുള്ള വീട്ടില്‍ നിന്ന് കാണാതായത്. 

അച്ഛന്‍ അജുവര്‍ഗ്ഗിസിനെ ഇരവിപേരൂരിലുള്ള സുപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ട് വിട്ടതിന് ശേഷം കാണാതാവുകയായിരുന്നു. മൊബൈല്‍ സ്വിച്ചഓഫ് ആയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജോര്‍ജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

 തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മോബൈല്‍ കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് രാത്രി ഏട്ട് മണിയോടെ ജോര്‍ജിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ജോര്‍ജി ഓടിച്ചിരുന്ന കാറും മൃതദേഹം കണ്ടെത്തിയ വീടിന് പരിസരത്ത് നിന്നും കണ്ടെത്തി. 

രാത്രി പൊലിസ് പരിശോധന നടത്തി. ഇന്ക്വസറ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. കൊവിഡ് പരിശോധന ഫലം കിട്ടിയതിന് ശേഷമെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാവു മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ആത്മഹത്യയാണന്നാണ് പൊലീസ് നിഗമനം. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona