ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ളവര്‍ പിടിയില്‍. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പൊലീസ് ഇവരെ വലയിലാക്കിയത്. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരാണ് പിടിയിലായത്.

മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്വര്‍ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. ജയഭാരതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ സഹായിച്ചതിനാണ് മലയാളി ഡ്രൈവര്‍ ഇബ്രാഹിം പിടിയിലായത്.

ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. സ്വര്‍ണം കണ്ടെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.