മണ്ണാര്‍ക്കാട് എംഇഎസ് കോളജ് പരിസരത്തെ കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്.

പാലക്കാട്: മണ്ണാര്‍ക്കാട് കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. നാല് കടകളിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുമരംപുത്തൂരില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയില്‍ നിന്ന് കിട്ടിയിട്ടും ആളെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

മണ്ണാര്‍ക്കാട് എംഇഎസ് കോളജ് പരിസരത്തെ കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഹോട്ടല്‍, ബേക്കറി, ഫാന്‍സി ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു മോഷണം. ഇവിടെ സിസി ടിവി ഇല്ലാത്തത് കാരണം മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഹോട്ടലില്‍ നിന്ന് 4,000 രൂപയും ജനൗഷധി കടയില്‍ നിന്ന് 5,000 രൂപയുമാണ് മോഷണം പോയത്. 

കഴിഞ്ഞ ദിവസം കുമരംപുത്തൂര്‍ ചുങ്കത്ത് മെഡിക്കല്‍ ഷോപ്പിന്റെയും ബേക്കറിയുടെയും പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു. കുമരംപുത്തൂരിലെ മോഷ്ടാവിന്റെ മുഖം സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒരു മാസം മുന്‍പ് പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് മറ്റ് മോഷണസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. മണ്ണാര്‍ക്കാട് കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടും കള്ളന്മാരെ പിടികൂടാത്തതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. രാത്രികാല പരിശോധന ഊര്‍ജ്ജതമെന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ്; സരുണിന്റെ പരാതിയിൽ നടപടി വൈകി, പൊലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

YouTube video player