പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബെവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണശ്രമം നടന്നത്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും രണ്ടിടത്തെയും സിസിടിവി, ഹാർഡ് ഡിസ്കുകൾ നഷ്ടമായിട്ടുണ്ട്.
പാലക്കാട്: പാലക്കാട്ടെ രണ്ട് ബിവറേജ് ഔട്ട്ലറ്റുകളിൽ മോഷണ ശ്രമം. പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബെവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണശ്രമം നടന്നത്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും രണ്ടിടത്തെയും സിസിടിവി, ഹാർഡ് ഡിസ്കുകൾ നഷ്ടമായിട്ടുണ്ട്.
രണ്ടിടത്തും ഷട്ടറുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കേറിയത്. പണം സൂക്ഷിച്ചിട്ടുള്ള ലോക്കർ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചില്ല. ജീവനക്കാർ രാവിലെ എത്തുമ്പോഴാണ് ഷട്ടറുകൾ തകർത്തത് അറിയുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും കള്ളന്മാർ ആളറിയാതിരിക്കാൻ സിസിടിവിയുടെ പ്രവർത്തനം താറുമാറാക്കിട്ടുണ്ട്.
സോപ്പ് മുതൽ കിടക്ക വരെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വിയ്യൂരിൽ വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് മോഷ്ടിച്ചത്. ചീപ്പ് , സോപ്പ് , കിടക്ക മുതൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തു. ഇതിന് പുറമെ, മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി. ഓട്ടോറിക്ഷയിലാണ് ഈ സാധനങ്ങളെല്ലാം കടത്തിയത്. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.
കടയുടെ തൊട്ടടുത്ത് തന്നെയാണ് ഉടമയുടെ വീട്. മോഷണം പുലർച്ചെ ആയതിനാൽ മോഷണ വിവരം ഉടമ അറിഞ്ഞില്ല. രാവിലെ ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ പരാതി നൽകി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയാണ് കള്ളന്മാരെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പറവൂർ സ്വദേശി അരുൺ, കോഴിക്കോട് സ്വദേശി ആരിഫ്, പെരിഞ്ഞനം സ്വദേശി വിജീഷ് എന്നിവരെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും, ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മോഷണം സ്ഥിരം തൊഴിലാക്കിയവരാണ് മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു.
