സ്പൈഡര്‍മാന്‍റെ വേഷത്തിൽ വന്ന് കവര്‍ച്ച നടത്തി കുപ്രസിദ്ധി നേടി സിറ്റി പൊലീസിന്‍റെ ഉറക്കം കെടുത്തിയ സ്പൈഡര്‍ ബാഹുലേയൻ ഒടുവിൽ പിടിയിലായി.

തിരുവനന്തപുരം: ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതി സ്‍പൈഡര്‍ ബാഹുലേയൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് വഞ്ചിയൂര്‍ പൊലീസിന്‍റെ വലയിൽ സ്പൈ‍ഡര്‍ കുടുങ്ങിയത്. 

സംസ്ഥാനത്തിനകത്തും പുറത്തുമായി 200ലധികം മോഷണക്കേസുകളിലെ പ്രതി. തിരുവനന്തപുരം സ്വദേശിയെങ്കിലും തമിഴ്‍നാട്ടിലെ മധുരയിലും താമസം. രണ്ട് മാസത്തിനിടെ തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂര്‍, മെഡിക്കൽ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങിലായി 12 വീടുകളിൽ മോഷണം നടത്തി. രണ്ട് മാസത്തിനിടെ മോഷണ പരമ്പര. സ്പൈഡര്‍മാന്‍റെ വേഷത്തിൽ വന്ന് കവര്‍ച്ച നടത്തി കുപ്രസിദ്ധി നേടി സിറ്റി പൊലീസിന്‍റെ ഉറക്കം കെടുത്തിയ സ്പൈഡര്‍ ബാഹുലേയൻ ഒടുവിൽ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയൻ അറസ്റ്റിലായത്. 

വെള്ളായണിയിൽ മോഷണത്തിന് ശേഷം ബൈക്കിൽ മടങ്ങാനെത്തുമ്പോഴാണ് തക്കം പാര്‍ത്തിരുന്ന പൊലീസ് സ്‍പൈഡറിനെ പിടികൂടിയത്. 14 ജില്ലകളിലും ബാഹുലേയനെതിരെ കേസുണ്ട്. വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെന്‍റിലേഷന്‍റേയോ ജനലിന്‍റേയോ കമ്പി അടര്‍ത്തി മാറ്റിയാണ് മോഷണ് രീതി. വീടിന്‍റെ വാതിൽ തുറന്നുകിടന്നാൽ പോലും ചുമരിലൂടെ കയറി മോഷണം നടത്തുന്നതാണ് ബാഹുലേയന്‍റെ രീതി. മോഷണം നടത്തി തമിഴ്‍നാട്ടിലേക്ക് കടന്ന് സുഖവാസവും കഴിഞ്ഞാണ് സ്‍പൈഡര്‍ വീണ്ടും കേരളത്തിലെത്തിയത്. അടുത്തിടെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം തുടങ്ങിയത്.