കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ജ്വല്ലറിയില്‍ മാല വാങ്ങാനെന്ന പേരിലെത്തിയ രണ്ടു യുവാക്കള്‍ സ്വര്‍ണ്ണം തട്ടിയെടുത്ത് കടന്നു. പന്തീരാങ്കാവ് കെ കെ ജ്വല്ലറിയിലാണ് സംഭവം സിസിടവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പന്തീരാങ്കാവ് മാങ്കാവ് റോഡിലുള്ള കെ കെ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്വര്‍ണമാല ആവശ്യപ്പെട്ടെത്തിയ ഒരാള്‍ ഇത് കാണിക്കുന്നതിനിടെ ജ്വല്ലറി ഉടമയില്‍ നിന്ന് മാല തട്ടിപ്പറിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നു.

ഇയാളെ ആദ്യം പിടികൂടിയെങ്കിലും കുതറിമാറി കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ സഹായത്തോടെ രക്ഷപെട്ടു. മോഷ്ടാവും ബൈക്കില്‍ രക്ഷെപെടുത്തിയയാളും ഒരേ സംഘത്തിലെ കണ്ണിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജ്വല്ലറിയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.