കൊച്ചി: പുതുവത്സരദിനത്തിൽ എറണാകുളം പച്ചാളത്ത് വീട് കുത്തിത്തുറന്ന് 18 പവൻ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. എളമക്കര സ്വദേശിയായ ജോജോ എന്ന അബ്ദുൽ മനാഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടുതല പാലത്തിന് സമീപമുള്ള വിഹാരി ലാൽ എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതി സ്വര്‍ണം കവര്‍ന്നത്.

വീടിന് സമീപത്തെ വർക്ക്ഷോപ്പിൽ സ്ഥിരമായി വന്നിരുന്ന ജോജോക്ക് വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംഭവദിവസം വീട്ടുടമയും കുടുംബവും ബന്ധു വീട്ടിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി അടുക്കള വാതിൽ കുത്തി തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്.

മോഷ്ടിച്ച സ്വര്‍ണം വിൽക്കാനായി പ്രതി എളമക്കരയിലെ ജുവലറിയിൽ എത്തി. സംശയം തോന്നിയ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതി പിടിയിലായത്. പുതുവത്സരദിനത്തിൽ എളമക്കരയിൽ, സമാനരീതിയിൽ അടുക്കളവാതിൽ കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണം മോഷ്ടിച്ചതും ഇയാൾ ആണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കൊവിഡ് പരിശോധയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.