അങ്കമാലി: കിടങ്ങൂരിൽ മോഷ്ടാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി. പ്രദേശത്ത് മോഷണം തുടർക്കഥയായതോടെയാണ് കള്ളനെ പിടിക്കാൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങിയത്. വേങ്ങൂരിലെ ഒരു സ്ഥാപനത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ചൊവ്വാഴ്ച്ച പുലർച്ചെ വേങ്ങൂരിലെ ഒരു പലവ്യഞ്ചനക്കടയുടെ ഷട്ടർ കുത്തി തുറന്ന് കവർച്ച നടത്തുന്നതിനിടെയാണ് രണ്ട് പേർ നാട്ടുകാരുടെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി ബിജുരാജ്, കോതമംഗലം സ്വദേശി ബാലകൃഷ്ണൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

അങ്കമാലിയിലെ ആളില്ലാതിരുന്ന വീട്ടിൽ നടന്ന മോഷണവും, വേങ്ങൂർ പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്നതും ഉൾപ്പടെ പ്രദേശത്ത് കവർച്ച സംഭവങ്ങൾ തുടർക്കഥയായതോടെയാണ് നാട്ടുകാർ നാടിൻറെ കാവൽ ഏറ്റെടുത്തത്.വേങ്ങൂരിലെ സ്വകാര്യ സ്ഥാപനത്തിനകത്തേക്ക് കള്ളന്മാർ കയറുന്നത് കണ്ട അയൽവാസി മറ്റ് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

പിടിയിലായ ബിജുരാജു, ബാലകൃഷണനും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. ജയിലിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. ഒരേ സമയം പുറത്തിറങ്ങിയ ഇവർ ഒന്നിച്ചു മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കവർച്ച നടത്താനായി ഉപയോഗിച്ച ആയുധങ്ങൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.