അടൂര്‍: മോഷണത്തിനിടെ അടിവസ്ത്രം പാരയായപ്പോള്‍ മോഷ്ടാവിന് വാരിയെല്ല് തകര്‍ന്ന് ഗുരുതര പരിക്ക്. അടൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആളൊഴിഞ്ഞ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച് തിരുവനന്തപുരം പോത്തന്‍കോട് ജൂബിലിഭവനില്‍ ബിജു സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. വരിയെല്ല് തകര്‍ന്ന് പരിക്കേറ്റ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം അടൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ,  മങ്ങാട്ട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതായിരുന്നു ബിജു സെബാസ്റ്റ്യന്‍. വസത്രങ്ങള്‍ ഊരിവച്ച് നഗ്നനായി മോഷണത്തിന് കയറുക എന്നതാണ് ഇയാളുടെ രീതി. ഇത് പ്രകാരം ശനിയാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ കയറി. ഷര്‍ട്ടും ലുങ്കിയും മഴക്കോട്ടും വീടിന് താഴെ ഊരിവച്ച ഇയാള്‍ മുകളിലെ നിലയിലെ ഗ്രില്ലിലാണ് തന്‍റെ അടിവസ്ത്രം ഊരി തൂക്കിയത്. എന്നാല്‍ രാത്രി 9.30 ഓടെ വീട് നോക്കുവാന്‍ ഏല്‍പ്പിച്ച  കൊടുമണ്‍ സ്വദേശികളായ ദമ്പതിമാര്‍ വീട്ടിലെത്തി.

ഇവര്‍ മുകളിലെ ഗ്രില്ലില്‍ തൂക്കിയിരിക്കുന്ന പുരുഷന്‍റെ അടിവസ്ത്രം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താഴെ ബാക്കി വസ്ത്രങ്ങളും കണ്ടെത്തി. ഇതോടെ വീട്ടില്‍ ആരോ കയറിയിട്ടുണ്ടെന്ന് ഉറപ്പിച്ച ഇവര്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാര്‍ വീടിന് ചുറ്റും ഉണ്ടെന്ന് മനസിലാക്കിയ മോഷ്ടാവ് ഇതോടെ വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും താഴോട്ട് ചാടി. ഈ ചാട്ടത്തില്‍ ഇയാളുടെ  വാരിയെല്ല് ഒടിഞ്ഞു. ഇതോടെ നിലത്ത് എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ആദ്യം അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലാക്കി.വാരിയെല്ലിന് ഗുരുതരമായ പരിക്കുപറ്റിയതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടൂര്‍ മേഖലയില്‍ അടുത്തിടെ നടന്ന രണ്ട് മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും എന്ന് പൊലീസ് വ്യക്തമാക്കി.