കൊല്‍ക്കത്ത: കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയിലെ നരേന്ദ്രപുരില്‍ പൊലീസിനെ കുഴക്കിയ സംഭവമുണ്ടായത്. അതും ഒരസാധാരണ കള്ളന്‍ കാരണത്താല്‍. കള്ളനുവേണ്ടി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് സംഭവം.

ഗര്‍ഭിണിയായ മകളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് പോയതായിരുന്നു വിധവയായ ഷെഫാലി സര്‍ദാര്‍. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കള്ളന്‍ കയറിയിരിക്കുന്നു. അടുക്കള തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അവര്‍ പരിശോധിച്ചപ്പോള്‍ കള്ളന്‍ ചോറുണ്ടാക്കുകയും ഉരുളക്കിഴങ്ങ് പൊരിക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിച്ചതിന്‍റെ അടയാളം കണ്ടു. സിങ്കില്‍ കഴുകാത്ത പാത്രം അലങ്കോലമായിട്ടിരിക്കുന്നു. പിന്നീട് ബെഡ് റൂം തുറന്നതായി കണ്ടു. ബെഡ്റൂമിലെയും മറ്റൊരു റൂമിലെയും തെളിച്ചം കുറഞ്ഞ ബള്‍ബുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചാണ് കള്ളന്‍ സ്ഥലം വിട്ടത്.

അലമാരയിലെ 48,000 രൂപയും സ്വര്‍ണവും എടുത്താണ് കള്ളന്‍ മുങ്ങിയത്. മഴകാരണമാണ് ഷെഫാലി സര്‍ദാര്‍ മകളുടെ വീട്ടില്‍ തങ്ങിയത്. മകളുടെ ചികിത്സാവശ്യത്തിനായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. മകന്‍ ബെംഗലൂരുവിലാണ് ജോലി ചെയ്യുന്നത്. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.