മംഗലപുരം: ചെന്നൈ  മലബാര്‍ എക്സ്പ്രസുകളിലെ   യാത്രക്കാരെ കൊള്ളയടിച്ച് 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിൽ  റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം  നടക്കുന്നത്. ചെന്നൈ സ്വദേശി പൊന്നുമാരന്റെ  10 ലക്ഷം രൂപയുടെ ആഭരണങ്ങളും, കാഞ്ഞങ്ങാട് സ്വദേശിയുടെ 4 ലക്ഷം രൂപയുടെ  അഭരണങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെയാണ് ചെന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ മോഷണം നടന്നത്.  ചൈന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനില്‍ എസി കംപാര്‍ട്ടുമെന്‍റില്‍  അപ്പർ ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന ചെന്നൈ സ്വദേശി പൊനുമാരന്‍റെ  ബാഗ് കീറി 21 പവന്‍ സ്വര്‍ണ്ണം , വജ്രാഭരണങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ  വസ്തുക്കളും, ബാഗിലുണ്ടായിരുന്ന 22000 രൂപയുമാണ് മോഷ്ടിച്ചത്. 

പുലർച്ചെ നാലുമണിക്ക് തിരുരിലെതിതയ്പ്പോഴാണ്  പൊന്നുമാരൻ  വിവരമറിയുന്നത്  തുടർന്ന്  കോഴിക്കോട്   റെയില്‍വെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തിരിപ്പൂര്‍ വരെ സ്വര്‍ണ്ണാഭരണവും പണവും കൈവശമുണ്ടായിരുന്നുവെന്നാണ് പോന്നുമാരന്‍ നല്‍കിയ മൊഴി.  തിരിപ്പൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ നിര്‍ത്തിയ മുഴുവന്‍ സ്റ്റേഷനുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും

മലബാര്‍ എക്സ് പ്രസില്‍  അങ്കമാലിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്ത കുടുംബത്തെയാണ് കൊള്ളയടിച്ചത്. ഇവരുടെ  ഒമ്പതര പവന്‍  സ്വർണ്ണവും, പാസ്പോർട്ടും  എടിഎം കാർഡും അടങ്ങിയ ബാഗ്  മോഷണം പോയി. മാഹിയിലെത്തിയപ്പോള്‍ മോഷണവിവരമറിഞ്ഞ ഇവര്‍  കണ്ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

രണ്ടുമോഷണങ്ങളും എസി കംപാര്‍ട്ട്മെന്‍റിലാണ് നടന്നത്. ട്രെയിനില്‍ സ്ഥിരം മോഷണം സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു മോഷണങ്ങളും ഒരേ സംഘങ്ങള്‍ തന്നെയാണോയെന്ന സംശയവും പോലീസിനുണ്ട്.