ഭോപ്പാൽ: പത്ത് വർ‍ഷത്തോളം മോഷണം നടത്തി കറങ്ങിനടന്ന മോഷ്ടാവിനെ ഒടുവിൽ പൊലീസ് വലയിലാക്കി.
26 കാരനായ സോനു വിശ്വമര്‍ക എന്ന ഗോലുവാണ് പിടിയിലായത്. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയാണ് ഇയാള്‍. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

കെട്ടിട നിര്‍മാണ കരാറുകാരനായി ചമഞ്ഞ് വിവിധയിടങ്ങളില്‍ താമസിച്ച് കവര്‍ച്ച നടത്തുകാണ് ഇയാളുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി. വര്‍ഷത്തില്‍ നാലോ അഞ്ചോ പ്രധാന കവര്‍ച്ചകള്‍ നടത്തി ജീവിക്കുന്നതാണ് സോനുവിന്റെ രീതി. സ്വന്തം നാടായ സാഗര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഗോവിന്ദപുരയിലെ ബിജ്‌ലി നഗറില്‍ ജൂണ്‍ അഞ്ചിന് നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 150 ഓളം സിസിടിവികള്‍ പരിശോധിച്ച പൊലീസ് സംഘം സോനു വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി സമ്പാദിച്ച പണത്തിന് ഇയാള്‍ കൃത്യമായി ആദായ നികുതി അടച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ഭോപ്പാലില്‍ പുതിയ വീട് നിര്‍മിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് സോനു പിടിയിലായത്. അവസാനം മോഷ്ടിച്ച പണവും ആഭരണങ്ങളും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇയാള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപ പദ്ധതികളും പണം നിക്ഷേപിക്കും. ആഭരണങ്ങളെല്ലാം വിറ്റ് പണമാക്കിയും ഇത്തരത്തില്‍ നിക്ഷേപം നടത്തുമായിരുന്നു. 

2010ല്‍ മോഷണത്തിനിറങ്ങിയ സോനുവിന് അച്ഛനോ അമ്മയോ മറ്റ് അടുത്ത ബന്ധുക്കളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് ഇനിയും അന്വേഷണം വേണമെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.