കൊല്ലം: മയ്യനാട്ട് ബേക്കറിയിലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന ചെറുപ്പക്കാരന്‍ സിസിടിവിയില്‍ കുടുങ്ങി. ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ യുവാവിനായുളള അന്വേഷണത്തിലാണ് ഇരവിപുരം പൊലീസ്.

വെളളിയാഴ്ച രാത്രി ഏഴരയോടെ മയ്യനാട് ഹൈസ്കൂള്‍ കവലയിലെ ബേക്കോഫ് എന്ന ബേക്കറിയിലെ സിസിടിവിയിലാണ് കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചാരനിറത്തിലുളള ടീഷര്‍ട്ടും കറുത്ത ബര്‍മുഡയും മുഖാവരണവും ധരിച്ചെത്തിയ ചെറുപ്പക്കാരന്‍ കടയില്‍ കയറുമ്പോള്‍ കടയുടമ തൊട്ടടുത്ത കടയിലായിരുന്നു. 

കടയിലേക്ക് കയറിയ ചെറുപ്പക്കാരന്‍ ക്യാഷ് കൗണ്ടറിലുളള മേശ വലിപ്പ് തുറന്ന് പണമെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ കടയുടമ കടയിലേക്കെത്തി. അപ്പോഴേക്കും ജ്യൂസ് വേണമെന്നായി ചെറുപ്പക്കാരന്‍. ജ്യൂസെടുക്കാന്‍ കടയുടമ തുടങ്ങിയപ്പോഴേക്കും യുവാവ് വേഗത്തില്‍ കടയില്‍ നിന്നു പോയി. 

സംശയം തോന്നി പണപ്പെട്ടി പരിശോധിച്ചപ്പോഴാണ് ആറായിരം രൂപ നഷ്ടപ്പെട്ട വിവരം അറിഞ്ഞതും സിസിടിവി പരിശോധിച്ചതും. ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.