നദിക്കരയിൽ വച്ച് മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. മകൾ വഴങ്ങാതെ വന്നതോടെയായിരുന്നു കൊലപാതകം
ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ കൌമാരക്കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് നാണക്കേട് ഭയന്നുള്ള കൊലപാതകം നടന്നത്. 18കാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്. സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റഇലായി. ആഗ്രയിലെ ചമ്പൽ നദിയിൽ ജൂലൈ 31ആയിരുന്നു കൊലപാതകം നടന്നത്. ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയത്. ആഗ്രയിൽ ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ മുക്കി കൊല്ലുകയായിരുന്നു. നദിക്കരയിൽ വച്ച് മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. മകൾ വഴങ്ങാതെ വന്നതോടെയായിരുന്നു കൊലപാതകം. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് കൊല്ലപ്പെട്ടത്. മകൾ ആഗ്രയിൽ വെച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തിൽ മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് ക്ഷമ യാചിക്കുന്ന 52കാരന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനം ഭയന്നായിരുന്നു കൊലപാതകം ചെയ്തതെന്നാണ് 52കാരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വിശദമാക്കുന്നത്.


