തിരുവല്ല: തിരുവല്ലയിൽ പെൺകുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതി കൊല നടത്തിയതെന്നാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അതേസമയം ജയിൽ കഴിയുന്ന പ്രതി അജിൻ റെജി മാത്യുവിന്റെ ജാമ്യത്തിനായി ബന്ധുക്കൾ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പരമാവധി ശിക്ഷ ലഭിക്കത്തക്കവിധം പഴുതടച്ച കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ, ഇരുവരുടെയും അധ്യാപകരും സുഹൃത്തുക്കളുമടക്കം 90 പേരുടെ സാക്ഷി മൊഴികൾ, തൊണ്ണുറോളം രേഖകൾ എന്നിവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി ഐ പി.ആർ സന്തോഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

ഇക്കഴിഞ്ഞ മാർച്ച് 12നായിരുന്നു അയിരൂർ സ്വദേശിനിയായ പെൺകുട്ടിയെ തിരുവല്ല നഗര മധ്യത്തിൽ പ്രതി അജിൻ റെജി മാത്യു പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയ ശേഷമായിരുന്നു തീകൊളുത്തിയത്. പ്ലസ്ടു പഠനകാലത്ത് സഹപാഠികളായിരുന്നു ഇരുവരും. 

തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻമാറിയതാണ് കൊലപ്പെടുത്താൻ കാരണമെന്നുമായിരുന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. മാവേലിക്കരയിൽ സമാന രീതിയിൽ  കഴിഞ്ഞ ദിവസമായിരുന്നു പൊലീസുകാരിയെ സുഹൃത്തായ പോലീസുകാരൻ  കൊലപ്പെടുത്തിയത്. രണ്ട് മാസം മുന്പ് തൃശ്ശൂരിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.