2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു

കോട്ടയം: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിൽ പ്രതി അജിൻ റെജി മാത്യുവിനെതിരെ അഡീഷണൽ ജില്ലാ കോടതി-1 മറ്റന്നാൾ ശിക്ഷ വിധിക്കും. 2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ സാധിച്ചിരുന്നു. പരമാവധി ശിക്ഷ കോടതി വിധിക്കുമെന്നാണ് കരുതുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്