തൊടുപുഴയിൽ  അമ്മയുടെ  കാമുകൻ  എട്ടു വയസുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കനായി ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആലപ്പുഴ: തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കനായി ഇന്ന് കോടതിയില്‍ ഹാജരാക്കും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പുജപ്പുരയില്‍ നിന്നും കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യം നിരസിച്ചുകൊണ്ടാണ് ഹാജരാക്കാന്‍ തൊടുപുഴ അഡീഷണല്‍ ഡിസ്ട്രീക്ട് ആന്‍റ് സെഷന്‍സ് കോടതി ഉത്തരവിട്ടത്. 

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിന് മുന്പുള്ള വാദങ്ങള്‍ നടന്നപ്പോഴെല്ലാം പ്രതി അരുണ്‍ ആനന്ദ് ഓണ്‍ലൈനായാണ് ഹാജരായിരുന്നത്. മറ്റോരു കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന അരുണിന്‍റെ ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടു ഹാജരാകാന്‍ തടസമായി പ്രതിഭാഗം ചൂണ്ടികാട്ടിയിരുന്നത്. അതെല്ലാം നിരസിച്ചാണ് കോടതി നേരിട്ട് കൊണ്ടുവരാന്‍ ഉത്തരവിട്ടത്.

കേസ് ആറ് മാസത്തിനുള്ളിൽ തീര്‍ക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാല്‍ വളരെ വേഗത്തില്‍ വിചാരണ പൂര‍്ത്തിയാക്കാനാണ് കോടതിയുടെ നീക്കം. കേസില്‍ കുട്ടിയുടെ അമ്മയെ മാപ്പു സാക്ഷിയാക്കിയിരുന്നു. കുട്ടിയെ മർദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അമ്മ ചെയ്ത കുറ്റം. കേസില്‍ മാപ്പു സാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെുക്കുകയായിരുന്നു

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. 

Read more: 'ഡോക്ടറെ ചവിട്ടാൻ ശ്രമിച്ചു, മദ്യത്തിന്റെ മണമുണ്ടായിരുന്നു'; അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകള്‍

കേസില്‍ 2019 മാർച്ച് 30ന് അരുണ്‍ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുമ്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.