Asianet News MalayalamAsianet News Malayalam

ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ചുകൊന്ന കേസ്; ഒക്ടോബറില്‍ സാക്ഷി വിസ്താരം തുടങ്ങാന്‍ നീക്കം

നേരത്തെ പ്രതി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

thodupuzha seven year old boy murder case witness trail will start on october
Author
First Published Sep 23, 2022, 1:34 AM IST

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ഒക്ടോബര്‍ പകുതിയോടെ സാക്ഷി വിസ്താരം തുടങ്ങാന്‍ പ്രോസിക്യൂഷന്‍ നീക്കം. വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും സമയക്രമവും കോടതിക്ക് കൈമാറി. കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് ഇരുപത്തിയെട്ടിലേക്ക് മാറ്റി.

കേസിലെ പ്രതി അരുണ്‍ ആനന്ദ് ഇതുവരെ ഓണ്‍ലൈനായാണ് ഹാജരായിരുന്നത്. നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞ തവണ തോടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നിക്സന്‍ എം ജോസഫ് ഉത്തരവിട്ടിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനാണ് പ്രതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. മറ്റോരു കേസില്‍ ശിക്ഷിച്ച് പൂജപ്പുര ജെയിലില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ രാവിലെ തന്നെ കോടതിയിലെത്തിച്ചു. 

കേസില്‍ അരുണിന് ജാമ്യം നല്‍കണമെന്ന അപേക്ഷയാണ് അദ്യം പരിഗണിച്ചത്. നല്‍കാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടിയില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ സമയം വേണമെന്നായി. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഇതിനിടെ സാക്ഷി വിസ്താരം നവംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്‍റെ നീക്കം. ഇതിനായി വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും തിയതിയും കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറി.

നേരത്തെ പ്രതി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സമയ പരിധി അവസാനിക്കാന്‍ ഇനി രണ്ടുമാസം മാത്രമാണ് ശേഷിക്കുന്നത്. 2019 മാര്‍ച്ച് 27നാണ് ഏഴുവയസുകാരന്റെ സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലച്ചോര്‍ പുറത്തുവന്ന കുട്ടി പത്തുദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios