വടകര: കൊള്ളസംഘം വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവർന്നു. അർധരാത്രി വീട് കുത്തിത്തുറന്നായിരുന്നു കവർച്ച.  കൈനാട്ടി മുട്ടുങ്ങൽ കോളോത്ത് കണ്ടി ശ്രീനിലയത്തിൽ ബാലകൃഷ്ണന്റെ വീട്ടിൽ അർദ്ധരാത്രി ഒരു മണിയോടെയാണ് കൊള്ളനടന്നത്. 

മുൻവശത്തെ ഗ്രില്ലും വാതിലും തകർത്ത് അകത്തുകടന്ന മൂന്നംഗസംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബാലകൃഷ്ണന്റെ മൊബൈലും വീട്ടിലെ ലാന്‍റ്‍ലൈൻ ഫോണും അടിച്ചുതകർത്തു. ഹൃദ്രോഗിയായാ ബാലകൃഷ്ണനെ റൂമിൽ പൂട്ടിയിട്ടു. പ്രേമത്തിന്റെ ആഭരണങ്ങൾ ഊരിവാങ്ങി.

പത്ത് പവനും രണ്ടായിരം രൂപയുമാണ് കവർന്നത്. വീട്ടിൽ പണം ഇനിയും ഉണ്ടാകും എന്ന് ആക്രോശിച്ച് അലമാരകൾ പരിശോധിച്ചു. മലയാളവും ഹിന്ദിയും സംസാരിക്കുന്നവരാണ് കവർച്ച നടത്തിയത്. ഇവർ മുഖം മറച്ചിരുന്നു. 

ഒരു മണിക്കൂർ കഴിഞ്ഞാണ് കൊള്ളസംഘം സ്ഥലംവിട്ടത്. നിലവിളി കേട്ട് അടുത്തവീട്ടുകാർ എത്തിയാണ് പൊലീസിലറിയിച്ചത്. വിരലടയാള വിദഗ്ധരടക്കം പരിശോധന നടത്തി. കൊള്ളസംഘത്തെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.