വടക്കന്‍ പറവൂർ:  എറണാകുളത്ത് മാംസവില്‍പനയ്ക്കായി തവളകളെ പിടികൂടിയ മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.  അറസ്റ്റിലായ മൂന്ന് പേരും പറവൂർ സ്വദേശികളാണ്. രണ്ട് ചാക്ക് മഞ്ഞ തവളകളെയാണ് ഇവര്‍ പിടികൂടിയത്.

ആലങ്ങാട് പെട്ടിപ്പറമ്പ് സ്വദേശികളായ തോമസ്, മണി, വർഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ പറവൂർ ആലങ്ങാടിന് സമീപത്തുനിന്നാണ് തവളകളെ പിടികൂടുന്നതിനിടെ മൂന്നുപേരും പിടിയിലായത്.  വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. 

തവളകളുടെ പ്രജനനകാലത്ത് രണ്ട് ചാക്ക് നിറയെ തവളകളെയാണ് ഇവര്‍ പിടികൂടിയത്.  പിടികൂടാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് തവളമുട്ടകളും ഇവർ നശിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. പ്രതികളെ പെരുമ്പാവൂർ മജിസ്ട്രേറേറിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.