എറണാകുളം: ആലുവയില്‍ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന മോഷണശ്രമം പൊലീസ് തടഞ്ഞു. മൂന്ന് യുവാക്കള്‍ പിടിയില്‍. ഒരേസമയം പല സ്ഥലങ്ങളിലായി നടത്താനിരുന്ന കവർച്ചാ പദ്ധതിയാണ് പൊലീസ് തടഞ്ഞത്.ആലുവ മാർക്കറ്റ് റോഡിലുള്ള സ്വർണ്ണക്കടയ്ക്ക് സമീപം, സംശയകരമായ സാഹചര്യത്തില്‍ നിന്നിരുന്ന യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പ്രാഥമിക പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും കട്ടർ, ഡ്രില്ലർ, കത്തികള്‍ എന്നിവ കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വൻ കവർച്ചാ ശ്രമത്തിന്‍റെ പദ്ധതി പുറത്താവുന്നത്. കിടങ്ങൂർ ഇഞ്ചക്കാട് വീട്ടില്‍ സാജു, കോട്ടയം രാമപുരം സ്വദേശികളായ അരുണ്‍ ജയ്സണ്‍, അഖില്‍ എന്നിവരാണ് പിടിയിലായത്. 

ഇവരുടെ മൊബൈലില്‍ നിന്നും കവർച്ച നടത്താൻ ഉദ്ദേശിച്ചിരുന്ന ജ്വല്ലറികളുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ഒരേസമയം പല കടകളില്‍ കവർച്ച നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. സി.ഐ. ഷൈജു കെ. പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.