എം.ഡി.എം.എയുമായി കുന്നംകുളത്ത് നിന്ന് രണ്ടു പേരും മണ്ണുത്തിയില്‍നിന്ന് ഒരാളുമാണ് പിടിയിലായത്.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എം.ഡി.എം.എ കടത്തിയ രണ്ട് സംഭവങ്ങളിലായി മൂന്നു പേര്‍ അറസ്റ്റിലായി. പിടിയിലായ മൂന്ന് പേരും 30 വയസിന് താഴെയുള്ളവരാണ്. യുവാക്കളും വിദ്യാര്‍ഥികളും ലഹരിക്ക് വ്യാപകമായി അടിമകളാകുന്നു. എം.ഡി.എം.എയുമായി കുന്നംകുളത്ത് നിന്ന് രണ്ടു പേരും മണ്ണുത്തിയില്‍നിന്ന് ഒരാളുമാണ് പിടിയിലായത്.

വളര്‍ത്തുനായയുടെ മറവില്‍ കാറില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് കിളിയാടന്‍ വീട്ടില്‍ വിഷ്ണു (26), അന്തിക്കാട് തറയില്‍ വീട്ടില്‍ ശ്രീജിത്ത് (27) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഞായറാഴ്ച്ച രാവിലെ ഏഴിന് പെരുമ്പിലാവ് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് പോലീസ് സംശയം തോന്നി പരിശോധിക്കുന്നതിനിടെയാണ് വാഹനത്തിനു പുറകില്‍ വളര്‍ത്തു നായയെ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വാഹനത്തിന് പുറകിലായി സൂക്ഷിച്ചിരുന്ന 18 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെത്തിയത്. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസിനെ കബളിപ്പിച്ചാണ് പ്രതികള്‍ കേരളത്തിലേക്ക് ലഹരി മരുന്നുകള്‍ കടത്തിയിരുന്നതെന്നാണ് വിവരം. പ്രതികളെ ശേഷം കോടതിയില്‍ ഹാജരാക്കി.

ബാംഗ്ലൂരില്‍നിന്നും സ്ഥിരമായി ടൂറിസ്റ്റ് ബസുകളില്‍ എം.ഡി.എം.എ. കടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി തന്‍സീര്‍ (29) ആണ് മണ്ണുത്തിയില്‍ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരിശോധന നടത്തിയത്. ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണുത്തി പോലീസും ചേര്‍ന്ന് മണ്ണുത്തി മേഖലയില്‍ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 4.30 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിശദമായി പരിശോധിച്ചതില്‍ ഇയാളില്‍നിന്നും എം.ഡി.എം.എ. ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തിട്ടുണ്ട്.

Read also:  മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കള്‍; ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്