Asianet News MalayalamAsianet News Malayalam

പാറ്റൂര്‍ ആക്രമണക്കേസ്; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ മൂന്ന് കൂട്ടാളികള്‍ കീഴടങ്ങി

ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികളായ മുഖ്യപ്രതികളാണിവർ.

Three goons surrendered in Pattoor Attack Case
Author
First Published Jan 21, 2023, 11:52 AM IST

തിരുവനന്തപുരം: പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികള്‍ കൂടിയാണ് ഇവര്‍. പ്രതികൾ ജാമ്യ അപേക്ഷ നൽകിയിട്ടുണ്ട്. പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. 

ഒന്നിലധികം സിം കാർഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂർ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ആരിഫുമായുള്ള സൗഹൃദം ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസും പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ഫോൺ പേട്ട പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും.

ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മിൽ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവർത്തകരാവുകയായിരുന്നു. മനുഷ്യ ചങ്ങലയിൽ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഗുണ്ടാബന്ധത്തിന്‍റെ പേരിൽ ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിധിനെയും കൂട്ടുകാരെയുമാണ് പാറ്റൂരില്‍ വെച്ച് ആസിഫും ആരിഫും ചേർന്ന് ആക്രമിച്ചത്. ഈ കേസിൽ ഓം പ്രകാശ് എട്ടാം പ്രതിയാണ്. മെഡിക്കൽ കോളജിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആംബുലൻസ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തൻപാലം രാജേഷിനെയും കുറിച്ച് സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios