കോലഞ്ചേരി: എഴുപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൃദ്ധയെ മുറിവേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ്
വീട്ടിൽ നിന്നും കണ്ടെടുത്തു.

മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളായ മുഹമ്മദ് ഷാഫി, മനോജ്, ഓമന എന്നിവരെയാണ് പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രണ്ടാം പ്രതിയായ മനോജ് വൃദ്ധയുടെ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും വീട്ടിൽ നിന്നും കണ്ടെടുത്തു.

ഇക്കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു എഴുപത്തഞ്ചുകാരിയെ ശരീരമാസകലം മുറിവേറ്റ നിലയിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കടയിലെത്തിയ ഓര്‍മ്മക്കുറവുള്ള വൃദ്ധയെ ഓമന പുകയിലയും ചായയും നൽകാം എന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. ഓമന വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ മുഹമ്മദ് ഷാഫി ഇവരെ പീഡിപ്പിച്ചു. എന്നാൽ വൃദ്ധ മുന്‍പും വീട്ടിൽ വന്നിരുന്നത് ഓമനയുടെ മകൻ മനോജിന് ഇഷ്ടമല്ലായിരുന്നു. 

സംഭവ ദിവസം മദ്യപിച്ചെത്തിയ മനോജ്, വൃദ്ധ വീട്ടിലെ കട്ടിലിൽ കിടക്കുന്നതു കണ്ടപ്പോൾ കത്തി കൊണ്ട് ശരീരമാസകലം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ എസ്.സി എസ്ടി അതിക്രമ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.