പെട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. മര്‍ദ്ദനത്തില്‍ എസ്ഐസിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ പൊലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു. പെട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അൻവർ, അഭയ്, അഖിലേഷ് എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.
ഇന്ന് വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. പെട്രോളിങ്ങിന്റെ ഭാഗമായെത്തിയ ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു നേരെയാണ് അക്രമം ഉണ്ടായത്. അത്താഴക്കുന്നിലെ ക്ലബിൽ നിന്നും ബഹളം കേട്ട് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. തുടർന്ന് പൊലീസും ക്ലബിലുണ്ടായിരുന്നവരും തർക്കം ഉണ്ടായി. പൊലീസ് സംഘം ക്ലബിനുള്ളിലേക്ക് കയറിയതോടെ മദ്യപസംഘം ഇവരെ പുറത്ത് നിന്നും പൂട്ടി. പിന്നാലെ അകത്തുണ്ടായിരുന്ന 7 അംഗ സംഘം കാരംസ് ബോർഡ് അടക്കം ഉപയോഗിച്ച് മർദിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് അപരിചതരെ കാണാറുള്ളതായും, വിഷയത്തിൽ പൊലീസിന് പരാതി നൽകിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
