ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. രണ്ട് പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവശേഷം മുങ്ങിയ പ്രദേശവാസിയായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്. 

കോയമ്പത്തൂരിലെ സുന്ദരപുരത്താണ് ദാരുണ സംഭവം. സുന്ദരപുരത്തെ വാടകവീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ വീടിന്‍റെ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന വീട്ടുടമസ്ഥന്‍റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് പീഡിപ്പിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് രണ്ട് കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടിയെ ക്രൂരുമായി പീഡിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാരത്ഥിയാണ് വീട്ടുടമസ്ഥന്‍റെ മകന്‍. 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഏഴാം വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സഹായം നല്‍കിയാണ് സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ വിദ്യാര്‍ഥിയും കൂട്ടുകാരും ചേര്‍ന്ന് അശ്ലീല വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു. 

പേടിച്ച് ഇവിടെ നിന്നും മുകളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ശക്തമായ വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി സംഭവം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.