അഹമ്മദാബാദ്: മുൻ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഉപദ്രവിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തതായി യുവതിയുടെ പരാതി. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. സെയിൽസ് എക്സിക്യുട്ടീവായ 22 കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുന്‍കാമുകനും ​വസ്ത്രവ്യാപാരിയുമായ ഗിരീഷ് ഗോസ്വാമിയുടെ ഭാര്യ ജാനു ​ഗോസ്വാമിയാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ ആരോപിച്ചു. നാല് വർഷം മുമ്പ് നരൺപുരയിലെ ​ഗിരീഷിന്റെ കടയിൽ യുവതി ജോലി ചെയ്തിരുന്നു. ആ സമയത്തായിരുന്നു ഗിരീഷുമായി പ്രണയത്തിലായത്. രണ്ടുവർഷത്തോളം ബന്ധം തുടർന്നിരുന്നു. പിന്നീട് ഗിരീഷുമായി പിരിയുകയും വസ്ത്രപൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും ചെയ്തതായി യുവതി പറ‍ഞ്ഞു.

എന്നാല്‍ രണ്ടുമാസം മുമ്പ് ഗിരീഷ് വീണ്ടും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഒരുമാസത്തിനുശേഷം ഈ വിവരം ​ഗിരീഷിന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെടുകയും ജാനു തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഇതിന് പിന്നാലെയാണ് ജാനു തന്നെ ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ഏകദേശം പത്ത് മണിയോടുകൂടി വീട്ടിൽനിന്ന് വഡാജിലേക്ക് പോകുന്ന വഴി ജാനുവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ വഴിയിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ജാനുവും സുഹൃത്ത് റിങ്ക ​ഗോസ്വാമിയും ചേർന്ന് യുവതിയെ നിർബന്ധിച്ച്  സ്കൂട്ടറിൽ പിടിച്ചിരുത്തി മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. അവിടെവച്ചാണ് മൂന്ന് പേരും ചേർന്ന് യുവതിയെ മർദ്ദിക്കുകയും സ്വകാര്യഭാ​ഗങ്ങളിൽ മുളകുപൊടി തേക്കുകയും ചെയ്തത്.

മൂവരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്താണ് പ്രതികള്‍  സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചത്. വേദനകൊണ്ട് താന്‍ കരയുമ്പോള്‍ പ്രതികള്‍ അതെല്ലാം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. ഗിരീഷുമായി ഇനി ഫോണില്‍ സംസാരിച്ചാല്‍ ആസിഡ് ഒഴിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറ‍ഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.